വാഷിംഗ്ടൺ: ഔദ്യോഗിക പദവിയും എഫ്ബിഐയുടെ ഔദ്യോഗിക സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് കാമുകിയോടൊപ്പം ആഡംബര യാത്ര നടത്തിയെന്ന റിപ്പോർട്ടുകളെ തുടർന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വീണ്ടും കടുത്ത പ്രതിസന്ധിയിൽ. 'ദി ന്യൂയോർക്ക് ടൈംസ്' പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 46 കാരനായ എഫ്ബിഐ ഡയറക്ടർ തന്റെ 27 കാരിയായ കാമുകി അലക്സിസ് വിൽക്കിൻസിനൊപ്പം എഫ്ബിഐയുടെ അത്യാധുനിക 'ഗൾഫ്സ്ട്രീം' ജെറ്റ് വിമാനത്തിൽ ആഡംബര യാത്ര നടത്തിയെന്നാണ് ആക്ഷേപം.
2025 മേയ് പത്തിനായിരുന്നു വിവാദത്തിനാസ്പദമായ സംഭവം. വാഷിംഗ്ടണിൽ നിന്ന് ഫിലാഡൽഫിയയിലേക്ക് ഒരു കൺട്രി മ്യൂസിക് കൺസേർട്ടിൽ പങ്കെടുക്കാനാണ് ഇരുവരും സർക്കാർ വിമാനം ഉപയോഗിച്ചത്. പ്രശസ്ത ഗായകരായ ജോർജ് സ്ട്രെയ്റ്റ്, ക്രിസ് സ്റ്റാപ്പിൾട്ടൺ എന്നിവരുടെ സംഗീതപരിപാടി ആസ്വദിക്കാൻ 35,000 നും 50,000 നും ഇടയിൽ ഡോളർ വിലമതിക്കുന്ന പ്രൈവറ്റ് സ്യൂട്ടാണ് ഇവർക്കായി ഒരുക്കിയിരുന്നത്. പരിപാടി കഴിഞ്ഞ് അർധരാത്രിയോടെ ഇവർ ഇതേ വിമാനത്തിൽ മടങ്ങുകയും ചെയ്തു.
എഫ്ബിഐയുടെ പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും രാത്രി 11 മണി വരെ ഇവർക്കായി കാത്തുനിൽക്കേണ്ടി വന്നതായും ഇതിനായി അവർക്ക് വൻ തുക ഓവർടൈം അലവൻസ് നൽകേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ കാഷ് പട്ടേൽ തയ്യാറായില്ല. കാമുകി അലക്സിസ് വിൽക്കിൻസ് അവിടെ പെർഫോം ചെയ്ത കലാകാരന്മാരുടെ പ്രത്യേക ക്ഷണിതാവായിരുന്നു എന്നാണ് എഫ്ബിഐയുടെ വിശദീകരണം.